പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

പ്രാരംഭം

സര്‍വ്വശക്തനായ ദൈവമേ

കൈവണങ്ങിടുന്നിതങ്ങയെ

നിന്നനന്ത നന്മകള്‍ക്കു ഞാന്‍

നന്ദി ചൊല്ലി വാഴ്ത്തിടുന്നിതേ.

കൂപ്പുകൈക്കുരുന്നുമായി നിന്‍

കാല്‍ക്കല്‍വന്നു കാത്തിടുന്നു ഞാന്‍

തൃക്കരങ്ങള്‍ നീട്ടി ഞങ്ങളെ

നിത്യമായനുഗ്രഹിക്കണേ.

നിന്റെ ആഗ്രഹത്തിനൊത്തപോല്‍

എന്‍ പ്രവൃത്തികള്‍ സമസ്തവും

നിര്‍വ്വഹിച്ചു നിത്യഭാഗ്യവും

കൈവരിക്കുവാന്‍ തരൂ വരം.

കാര്‍മ്മികന്‍: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.

സമൂഹം: ആമ്മേന്‍

കാര്‍മ്മികന്‍: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേന്‍

കാര്‍മ്മികന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും കൂടി) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു ആമ്മേന്‍.

കാര്‍മ്മികന്‍: സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവമേ, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനും ദൈവനന്മയില്‍ സമ്പന്നനുമായ വി. അന്തോനീസിനെ ഞങ്ങള്‍ക്ക്‌ മാതൃകയും എന്നും സഹായമരുളുന്ന മദ്ധ്യസ്ഥനുമായി നല്‍കിയല്ലോ. ആ വിശുദ്ധന്റെ പ്രത്യേക സംരക്ഷണത്താലും സഹായത്താലും ഞങ്ങള്‍ സ്വര്‍ഗ്ഗീയമഹത്വം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളില്‍ മനോവിശ്വാസത്തോടെ വി. അന്തോനീസിന്റെ സഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങള്‍ക്ക്‌ തന്നരുളേണമെ.

(അല്ലെങ്കില്‍)

കാര്‍മ്മികന്‍: കാരുണ്യവാനായ ദൈവമേ, ബലഹീനരായ ഞങ്ങളെ ശക്തിപ്പെടുത്തണമേ. വി. അന്തോനീസിനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങള്‍, ആ വിശുദ്ധന്റെ സഹായത്താല്‍ എല്ലാ വിപത്തുകളില്‍നിന്നും സുരക്ഷിതരായിരിക്കുന്നതിനും ആത്മീയവും ഭൗതികവുമായ അനുഗ്രഹസമൃദ്ധി പ്രാപിക്കുന്നതിനും കൃപചെയ്യണമെ.

സമൂഹം: ആമ്മേന്‍.

നവനാള്‍ ജപങ്ങള്‍

ഓ! ധന്യനായ വിശുദ്ധ അന്തോനീസേ / നന്മകളുടെ നിറകുടവും / എളിമയുടെ ദര്‍പ്പണവുമായ / അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. അങ്ങേ മദ്ധ്യസ്ഥതയാല്‍ / രോഗവും മരണവും / അബദ്ധവും അനര്‍ത്ഥങ്ങളും / തിന്മകളും നഷ്ടങ്ങളും / ഇല്ലാതാകുന്നുവെന്ന് / ഞങ്ങള്‍ അറിയുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും / ദുഃഖിതര്‍ക്ക്‌ ആശ്വാസവും പാപികള്‍ക്ക്‌ അനുതാപവും / നല്‍കുന്നതിനും കഴിവുള്ള അങ്ങേക്ക്‌ / ഞങ്ങള്‍ക്ക്‌ നേടിത്തരുവാന്‍ / കഴിയാത്തതായി ഒന്നുമില്ലല്ലോ. ഉള്ളിയീശോയുടെ / വിശ്വസ്ത സ്നേഹിതനായ / വി. അന്തോനീസേ / അങ്ങ്‌ ഞങ്ങള്‍ക്ക്‌ / എന്നും തുണയും / മദ്ധ്യസ്ഥനും / ഉപകാരിയുമായിരിക്കണമേ. ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ / സകല ആവശ്യങ്ങളും / പ്രത്യേകിച്ച്‌ / ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന നന്മകള്‍ / ....... "(ആവശ്യങ്ങള്‍ പറയുക)" പരമപിതാവായ ദൈവത്തിന്റെ പക്കല്‍നിന്ന് / അങ്ങേ മാദ്ധ്യസ്ഥംവഴി / ഞങ്ങള്‍ക്ക്‌ നേടിത്തരേണമെ. ശാന്തനും സ്നേഹസമ്പൂര്‍ണ്ണനുമായ വി. അന്തോനീസേ, / അങ്ങയുടെ അനുഗ്രഹങ്ങളെ / ഞങ്ങള്‍ എന്നും / കൃതജ്ഞതയോടെ പ്രകീര്‍ത്തിക്കും. ഞങ്ങളുടെ ആത്മശരീരങ്ങളും / ഞങ്ങള്‍ക്കുള്ള സകലതും / അങ്ങേക്ക്‌ ഞങ്ങള്‍ ഭരമേല്‍പിക്കുന്നു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വി. അന്തോനീസേ, / എല്ലാവിധ വിപത്തുകളില്‍നിന്നും / ഞങ്ങളെ കാത്തുരക്ഷിക്കണമെ. ജീവിതക്ലേശങ്ങളെ / പ്രശാന്തതയോടെ നേരിടുവാനും / പാപത്തില്‍ അകപ്പെടാതെ / നല്ല ജീവിതം നയിക്കാനും അങ്ങു ഞങ്ങളെ സഹായിക്കേണമേ.

പ്രലോഭനങ്ങള്‍ ഞങ്ങളെ ദുര്‍ബലരാക്കുന്ന നിമിഷങ്ങളില്‍ / ഞങ്ങള്‍ക്ക്‌ അങ്ങു / ശക്തമായ തുണയുമായിരിക്കണമെ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം / ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ നന്മകളും / ദുഃഖിതരും പാവങ്ങളുമായ / ഞങ്ങളുടെ സഹോദരങ്ങളുമായി / പങ്കുവയ്ക്കുവാനുള്ള സന്നദ്ധതയും / ഞങ്ങള്‍ക്ക്‌ നല്‍കണമെന്ന് / അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

1.സ്വര്‍ഗ്ഗ.1. നന്മ. 1.ത്രിത്വ.

കാര്‍മ്മികന്‍: വി. അന്തോനീസേ, ക്ലേശിതരെ ശക്തിപ്പെടുത്തണമേ; ബലഹീനരെ ശക്തിപ്പെടുത്തണമേ; കരയുന്നവരെ ആശ്വസിപ്പിക്കണമേ; അങ്ങില്‍ ആശ്രയിക്കുന്ന ഈ ജനത്തിനുവേണ്ടി (ഞങ്ങള്‍ക്കുവേണ്ടി) പ്രാര്‍ത്ഥിക്കണമേ. അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അങ്ങേ സഹായം അനുഭവപ്പെടത്തെ.

സമൂഹം: ആമ്മേന്‍

(എഴുന്നേറ്റു നിന്നുകൊണ്ട്‌)

വി. ഗ്രന്ഥപാരായണം

ദുഃഖിതരേയും പീഡിതരേയും ആശ്വസിപ്പിക്കുവാന്‍ അയയ്ക്കപ്പെട്ട കര്‍ത്താവേ, വി. അന്തോനീസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നവരായ ഞങ്ങളുടെമേല്‍ അങ്ങയുടെ കൃപാവരം ചിന്തണമെ. ഞങ്ങളെ വിശ്വാസത്തില്‍ ഉറച്ചവരും സുകൃതങ്ങളില്‍ തല്‍പരരും ആക്കണമെ. ഞങ്ങളെല്ലാവരും വി. അന്തോനീസിനെപ്പോലെ അങ്ങയുടെ വചനംകേട്ട്‌ അത്‌ പാലിക്കുന്നവരും അങ്ങനെ അങ്ങേയ്ക്കുള്ളവരും ആകുന്നതിന്‌ കൃപ ചെയ്യണമെ.

സമൂഹം: ആമ്മേന്‍

കാര്‍മ്മികന്‍: നിങ്ങള്‍ക്കു + സമാധാനം

സമൂഹം: അങ്ങേയ്കും സമാധാനം

കാര്‍മ്മികന്‍: വിശുദ്ധ (പേര്‌) എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം.

സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.

(വായന അവസാനിക്കുമ്പോള്‍ പുസ്തകമടച്ച്‌ ചുംബിക്കുന്നു. പ്രസംഗം ഇല്ലെങ്കില്‍ അല്‍പസമയം മൗനമായിരുന്നു ധ്യാനിക്കുന്നു.)

സമൂഹ പ്രാര്‍ത്ഥന

(പരി. കുര്‍ബാനയുടെ ആശീര്‍വ്വാദം നടത്തുന്നുണ്ടെങ്കില്‍ പ്രസംഗത്തിനുശേഷം ക്രമപ്രകാരം പ. കുര്‍ബാന എഴുന്നെള്ളിച്ചുവച്ച്‌ ധൂപിക്കുന്നു. അതിനുശേഷം സമൂഹപ്രാര്‍ത്ഥന.)

കാര്‍മ്മികന്‍: അങ്ങയുടെ വിശ്വസ്ത ദാസനായ വി. അന്തോനീസിനെ ഞങ്ങള്‍ക്ക്‌ നിത്യം സഹായമരുളുന്നവനായി നല്‍കിയ കര്‍ത്താവേ, ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: സ്നേഹനിധിയായ ദൈവമേ, ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങേ ജനം ഈ നവനാള്‍ പ്രാര്‍ത്ഥനവഴി ക്രൈസ്തവചൈതന്യം നവമായുള്‍ക്കൊണ്ട്‌ വിശ്വാസജീവിതത്തില്‍ പൂര്‍വ്വോപരി ഊര്‍ജ്ജസ്വലരാകുവാന്‍ ഇടയാക്കണമെന്ന് ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. അന്തോനീസുവഴി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: മാതാപിതാക്കളെ അനുസരിച്ചുകൊണ്ട്‌ കുടുംബത്തിലെ സന്താനങ്ങളും, സന്താനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിക്കൊണ്ട്‌ മാതാപിതാക്കളും വിവാഹം എന്ന കൂദാശയിലൂടെ അവിടുന്നു നല്‍കുന്ന ദൈവികജീവനില്‍ സദാ വളരുവാനുള്ള വരം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: ഞങ്ങളുടെ യുവതീയുവാക്കന്മാര്‍ക്ക്‌ പരിശുദ്ധാരൂപിയുടെ സഹായത്താല്‍ അവരുടെ ജീവിതാന്തസ്സ്‌ തിരഞ്ഞെടുക്കാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: വിവാഹത്തിന്റെ പരിശുദ്ധിയേയും ജീവന്റെ പവിത്രതയേയും അതിന്റെ എല്ലാ രൂപങ്ങളിലും എല്ലാവരും പ്രോത്സാഹിപ്പിക്കുവാനും അതുവഴി ഞങ്ങളുടെ കുടുംബങ്ങള്‍ വിശുദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളാകുവാനും വരമരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: പഠിക്കുന്നതിനും പണിയെടുക്കുന്നതിനും അനുദിനം യാത്ര ചെയ്യുന്ന ഞങ്ങളെ എല്ലാവിധ അത്യാഹിതങ്ങളില്‍നിന്നും കാത്തുകൊള്ളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: തൊഴില്‍ ഇല്ലാതെയും ജീവിതമാര്‍ഗ്ഗം കാണാതെയും ഉഴലുന്ന എല്ലാവരും ക്രിസ്തുനാഥനില്‍ പ്രത്യാശയും ഭദ്രതയും കണ്ടെത്തുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: അനാഥരും നിരാലംബരും രോഗികളുമായ എല്ലാവര്‍ക്കും സ്നേഹവും കരുണയും ശുശ്രൂഷയും സഹായവും ലഭിക്കുവാന്‍ ഇടയാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: മരണാസന്നര്‍ക്ക്‌ പ്രത്യാശയും ഞങ്ങളില്‍നിന്ന് വേര്‍പെട്ടുപോയവര്‍ക്ക്‌ നിത്യാനന്ദവും നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: സമൃദ്ധമായ വിളവും നല്ല കാലാവസ്ഥയും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്ക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നും തന്മൂലം സഹോദരരാണെന്നുമുള്ള സത്യം മനസ്സിലാക്കി പരസ്പര ധാരണയിലും സ്നേഹത്തിലും സമാധാനപൂര്‍വ്വം ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: സാര്‍വ്വത്രികസഭയുടെ തലവനായ മാര്‍ ....... പാപ്പായേയും ഞങ്ങളുടെ പിതാവായ മാര്‍ ....... മെത്രാനേയും ഞങ്ങളുടെ രൂപതയിലെ എല്ലാ വൈദികരെയും ആത്മീയ നന്മകള്‍ നല്‍കി അനുഗ്രഹിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മികന്‍: സത്യത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗത്തിലൂടെ നന്മയിലേയ്ക്ക്‌ നീങ്ങുന്നതിനുള്ള വിജ്ഞാനവും വിവേകവും സന്മനസ്സും ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും ജനങ്ങള്‍ക്കുന്‍ നല്‍കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

(വ്യക്തിപരമായ ആവശ്യങ്ങളും നല്ല ഉദ്ദേശങ്ങളും അനുസ്മരിക്കുകയും അല്‍പസമയം നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.)

കാര്‍മ്മികന്‍: കര്‍ത്താവായ ദൈവമേ, അങ്ങയുടെ ദാസനായ വിശുദ്ധ അന്തോനീസിന്റെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവര്‍ത്തനവരത്താലും ധന്യനാക്കുന്നതിന്‌ അങ്ങ്‌ തിരുമനസ്സായല്ലോ. ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം ഉത്സാഹപൂര്‍വ്വം തേടുകയും ചെയ്യുന്ന ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമെ. വി. അന്തോനീസിന്റെ പ്രാര്‍ത്ഥനയാല്‍ ആത്മീയവും ശാരീരികവുമായ സഹായവും സംരക്ഷണവും ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമെ. അങ്ങയുടെ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാന്‍ ഞങ്ങള്‍ക്കിടയാകട്ടെ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും,

സമൂഹം: ആമ്മേന്‍.

ഗാനം

പാദുവായിലെ പരിശുദ്ധനേ

പാപവിമോചിതനേ

നിന്തിരുപാദം നമിക്കുന്ന ഞങ്ങളെ

നിര്‍മ്മലരാക്കേണമേ.....

ദൈവസ്നേഹത്തിന്‍ ആലയം നീ

ദൈവജ്ഞാനത്തില്‍ ഉറവിടം നീ

തപസ്സിന്റെ ദിവ്യദൃഷ്ടാന്തമേ -

ദുഃഖതമസ്സില്‍ നീ അഗ്നിയായ്‌ വിടരേണമേ.

അന്ധന്മാര്‍ക്ക്‌ പ്രകാശം നീ

ബന്ധിതര്‍ക്കാശ്വാസദായകന്‍ നീ

അത്ഭുതങ്ങള്‍ ചെയ്ത അന്‍ശ്വരനേ - നീ

അനുഗ്രഹം ഞങ്ങളില്‍ ചൊരിയേണമേ

(അല്ലെങ്കില്‍)

അത്ഭുതങ്ങള്‍ ചെയ്തു ഞങ്ങളില്‍ - സ്വര്‍ഗ്ഗരാജ്യരശ്മിയേകിടും

ക്രിസ്തുവിന്റെ പ്രേഷിതോത്തമ - പൊല്‍പ്പാദങ്ങളെന്നുമാശ്രയം

പാവനാത്മാവായോരങ്ങുതന്‍ പ്രാര്‍ത്ഥന സഹായശക്തിയാല്‍

ശ്രേയസ്സാര്‍ന്നു ഞങ്ങള്‍ വാഴുവാന്‍ പ്രീതനായ്‌ വരങ്ങള്‍ നല്‍കണേ!

വേദനിച്ചീടുന്ന ചേതസ്സും നീരെഴുന്ന നീര്‍മിഴികളും

കാഴ്ചവച്ചു കൂപ്പിടുന്നിതാ കാതണച്ചു കേള്‍ക്ക നായകാ

പാദുവായില്‍ ആശയോടെ നിന്‍ പാദമാശ്രയിച്ചോരേഴകള്‍

ആശനേടി നിന്നനുഗ്രഹാല്‍ ആശിസ്സേകകിന്നുമവ്വിധം.

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന

കാര്‍മ്മികന്‍: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം" എന്നരുളിച്ചെയ്ത കര്‍ത്താവേ, വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി അങ്ങയുടെ കാരുണ്യത്തില്‍ അഭയം തേടുന്ന ഈ രോഗികളെ തൃക്കണ്‍പാര്‍ക്കണമെ. ആത്മീയവും ശാരീരികവുമായ സൗഖ്യം ഇവര്‍ക്കു (ഞങ്ങള്‍ക്കു) പ്രദാനം ചെയ്യണമേ. ഞങ്ങളെല്ലാവരും ദൈവമായ അങ്ങേയ്ക്കും അങ്ങയുടെ പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമര്‍പ്പിക്കുന്നതിനും, സുകൃതസമ്പന്നമായ ഒരു ജീവിതത്തിനുശേഷം നിത്യ സൗഭാഗ്യം പ്രാപിക്കുന്നതിനും ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂഹം: ആമ്മേന്‍.

രോഗികള്‍ക്കായുള്ള ആശീര്‍വ്വാദം

കാര്‍മ്മികന്‍: "ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണ്‌ വൈദ്യനെ ആവശ്യം" എന്നരുളിച്ചെയ്യുകയും രോഗികളെ സുഖപ്പെടുത്തുവാന്‍ ശിഷ്യര്‍ക്ക്‌ അധികാരം നല്‍ക്കുകയും ചെയ്ത കാരുണ്യവാനായ കര്‍ത്താവ്‌ നിങ്ങളെ അനുഗ്രഹിക്കട്ടെ. വി. അന്തോനീസിന്റെ മദ്ധ്യസ്ഥം വഴി നിങ്ങള്‍ക്ക്‌ ആവശ്യമായവിധം രോഗശാന്തി പ്രദാനം ചെയ്യട്ടെ. നിങ്ങളെ സംരക്ഷിക്കുവാന്‍ അവിടുന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കുവാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കുകയും ചെയ്യട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തില്‍.

സമൂഹം: ആമ്മേന്‍

(കാര്‍മ്മികന്‍ സമൂഹത്തിനെമേല്‍ വെഞ്ചരിച്ച പനിനീര്‍ തളിക്കുന്നു)

N.B. പരി. കുര്‍ബാന എഴുന്നെള്ളിച്ചുവച്ചാണ്‌ സമൂഹപ്രാര്‍ത്ഥനകളും മറ്റും നടത്തിയതെങ്കില്‍ ഇവിടെ "സ്വര്‍ഗ്ഗത്തില്‍..." എന്ന ഗാനം പാടി ക്രമപ്രകാരം വി. കുര്‍ബാനയുടെ വാഴ്‌വ്‌ നല്‍കുന്നു. അതുകഴിഞ്ഞ്‌ സക്രാരി അടച്ചശേഷമാണ്‌ പനിനീര്‍ തളിക്കേണ്ടത്‌.

സമാപനാശീര്‍വ്വാദം

വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി നിരവധിയായ നന്മകള്‍ നമുക്കു പ്രദാനം ചെയ്യുന്ന കാരുണ്യവാനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. വി. അന്തോനീസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തില്‍ ആ വിശുദ്ധന്റെ മാദ്ധ്യസ്ഥ സഹായം തേടിവന്ന നമ്മെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നമ്മുടെ നല്ല ആഗ്രഹങ്ങളും അഭിലാഷങ്ങളും അവിടുന്നു സഫലമാക്കട്ടെ. വി. അന്തോനീസിന്റെ അപേക്ഷയും മദ്ധ്യസ്ഥതയും നമ്മുടെ ജീവിതയാത്രയില്‍ നമുക്ക്‌ ഉറപ്പുള്ള സഹായവും സംരക്ഷണവും പ്രദാനം ചെയ്യട്ടെ. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേന്‍

സമാപനഗാനം

സ്വര്‍ഗ്ഗാരോഹണ നാളില്‍ പിറന്നൊരു

സ്വര്‍ഗ്ഗത്തില്‍ വാഴുന്ന അന്തോനീസേ...

കരയുവോര്‍ക്കാശ്വാസമേകാന്‍ .....

കര്‍ത്താവിന്‍ കാരുണ്യമേകാന്‍

കാലിത്തൊഴുത്തിലെ നാഥന്റെ പ്രിയനായ്‌

ലിസ്ബണില്‍ നീയന്ന് പിറന്നുവല്ലോ!

കര്‍ത്താവ്‌ കൈക്കുഞ്ഞായ്‌ എഴുന്നള്ളി നിന്‍ കയ്യില്‍

കല്‍പന കര്‍മ്മമായ്‌ നീ ചെയ്തു.

അംഗഭംഗങ്ങളെ നീക്കിയ നീ ഞങ്ങള്‍തന്‍

അന്തരംഗത്തില്‍ വരേണമേ.

മറിയത്തിന്‍ മഹിമയില്‍ ധന്യനാം നിന്നുടെ

വചനങ്ങള്‍ സാദരം കേട്ടുവല്ലോ

തിന്മയെ തോല്‍പിച്ച ദിവ്യനാഥാ ഞങ്ങളില്‍

നന്മകള്‍ പൂക്കള്‍ വിടര്‍ത്തണമേ.

(അല്ലെങ്കില്‍)

അത്ഭുതപ്രവര്‍ത്തനത്താല്‍

സുപ്രസിദ്ധനാം വിശുദ്ധനേ!

പാദുവായിലെ അന്തോനീസേ

പാരിതില്‍ കൃപ ചൊരിയണമേ

ഉണ്ണിയെ വഹിച്ചീടുന്ന

ധന്യമാം കരങ്ങളാലെ

വിണ്ണിലെ അനുഗ്രഹത്തെ

മന്നിതിലെന്നും പൊഴിക്കണമേ

(അദ്ഭുത...

ജീവിതവ്യഥകളാലെ

ഭൂമിയില്‍ വലഞ്ഞീടുന്നു

നിന്‍ പാദാംബുജം നമിച്ചിടാം

അല്‍പോടെ കൃപ ചൊരിയണമെ.

(അദ്ഭുത...

അനുബന്ധം I

വിശുദ്ധി തൂകും ലില്ലി പുഷ്പമേ

നിതാന്ത സൗന്ദര്യമേ...

പ്രശാന്ത സാഗരമേ...

വാടാമലരേ... പൂജാപുഷ്പമേ

വിശുദ്ധനാമന്തോനീസേ...

ഞങ്ങള്‍തന്‍ പ്രാര്‍ത്ഥന സ്വീകരിക്കേണമേ

ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിച്ചിടേണമേ.

കൈവിട്ടു പോയോരെ...

കണ്ടെത്തിടുന്നോനേ...

കന്മഷമേശാത്ത... പുണ്യവാനേ

തിന്മകള്‍ കൂരിരുള്‍ പാതയില്‍ നിന്നുമീ

കുഞ്ഞാടുകളെ കരകയറ്റേണമേ

നന്മ നിറഞ്ഞ മറിയത്തില്‍ മക്കളായ്‌

ഞങ്ങളെ മാറ്റണെ പുണ്യതാതാ.

ഞങ്ങള്‍തന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ

അങ്ങു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിച്ചിടേണമേ

ഉണ്ണിമിശിഹായെ കൈകളിലേന്തുന്ന

നിര്‍മ്മല സ്നേഹത്തിന്നാത്മനാഥാ

അങ്ങില്‍ വിളങ്ങുമെളിമവിനയങ്ങള്‍

ഞങ്ങള്‍ തന്നാത്മാക്കള്‍ക്കേകേണമേ.

II

അന്തോനീസേ ആശ്രയമേ

അണിയണിയായി ഞങ്ങളിതാ

തവതിരുമുന്നില്‍ നില്‍ക്കുന്നു

കരുണ നീ വേഗം ചൊരിയണമേ...

അപരാധങ്ങള്‍ ചെയ്തവരാം

അടിയങ്ങളിന്നഴലിന്റെ

ആഴക്കടലില്‍ക്കഴിയുന്നു

അനുഗ്രഹം നീ നല്‍കണമേ...

ബേത്‌ലഹേമില്‍ ജനിച്ചൊരു

ദിവ്യശിശുവിന്‍ പ്രിയനാകും

അന്തോനീസേ ഞങ്ങളില്‍ നിന്ന്-

നുഗ്രഹങ്ങള്‍ ചൊരിയണമേ...


© 2009 Dubai MC | Site Feed | www.dubaimc10.blogspot.com
Design by Anish P.L. | Send Me Your Feed Back By Anish Puthussery
SAINT MARY'S CHURCH DUBAI MALAYALEE COMMUNITY www.dubaimc10.blogspot.com